info@krishi.info1800-425-1661
Welcome Guest

Useful Links

നെല്ലച്ഛൻ ചെറുവയൽ രാമന്റെ പേരിൽ കതിര് അവാർഡ് ഏർപ്പെടുത്തും: കൃഷിമന്ത്രി അഡ്വ. ടി. സിദ്ദിഖ് കതിര് കാർഷിക ക്ലബ്ബുകളിലൂടെ പുതുതലമുറയെ കൃഷിയിലേക്ക് ആകർഷിക്കും

Last updated on Oct 29th, 2026 at 07:58 PM .    

തിരുവനന്തപുരം: വിദ്യാലയങ്ങളിലൂടെ പുതുതലമുറയിൽ കാർഷികാഭിരുചി വളർത്തുന്നതിനായി കൃഷി വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന കതിര് കാർഷിക ക്ലബ്ബ് പദ്ധതിയുടെ ഭാഗമായി, വിദ്യാർത്ഥികളെയും സമൂഹത്തെയും കൃഷിയിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനുമായി ചെറുവയൽ രാമന്റെ പേരിൽ കതിര് കർഷക അവാർഡ് ഏർപ്പെടുത്തുമെന്ന് കൃഷിമന്ത്രി അഡ്വ. ടി. സിദ്ദിഖ് അറിയിച്ചു. കതിര് കാർഷിക ക്ലബ്ബുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട മാസ്റ്റർ ട്രെയിനർമാർക്കായി തിരുവനന്തപുരം ആനയറയിലെ സമേതി (SAMETI)യിൽ സംഘടിപ്പിച്ച സംസ്ഥാനതല പരിശീലന പരിപാടിയുടെ സമാപന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കൃഷി കേവലം ഉപജീവനമാർഗം മാത്രമല്ലെന്നും ഭക്ഷ്യസുരക്ഷ, ആരോഗ്യസംരക്ഷണം, പരിസ്ഥിതി സംരക്ഷണം, യുവജനങ്ങളുടെ തൊഴിൽസാധ്യതകൾ എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന മേഖലയാണെന്നും മന്ത്രി പറഞ്ഞു. കാർഷിക മേഖലയിൽനിന്ന് അകന്നുപോയ പുതുതലമുറയെ തിരിച്ചുകൊണ്ടുവരുന്നതിനും കൃഷി ആദായകരമായ ഒരു സംരംഭമാണെന്ന ബോധ്യം വളർത്തുന്നതിനും കതിര് കാർഷിക ക്ലബ്ബുകൾ സഹായകമാകണം. വിദ്യാർത്ഥികളിലൂടെ കുടുംബങ്ങളിലേക്കും അവിടെനിന്ന് സമൂഹത്തിലേക്കും കാർഷിക സംസ്കാരം വ്യാപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളം മുൻകാലങ്ങളിൽ ഭൂപരിഷ്കരണം, കുടുംബശ്രീ, സമ്പൂർണ സാക്ഷരത തുടങ്ങിയ മേഖലകളിൽ രാജ്യത്തിനും ലോകത്തിനും മുന്നിൽ മാതൃകകൾ സൃഷ്ടിച്ചിട്ടുണ്ട്. സമാനമായ രീതിയിൽ സമൂഹത്തിന്റെ അടിത്തട്ടിൽ ഇടപെട്ട് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ജനകീയ മുന്നേറ്റമായി കതിര് കാർഷിക ക്ലബ്ബ് പദ്ധതിയും മാറണം. വിദ്യാർത്ഥികൾക്ക് കൃഷിയോടുള്ള താൽപര്യം വളർത്തുന്നതിനൊപ്പം ഭക്ഷ്യസ്വയംപര്യാപ്തതയിലേക്കുള്ള കേരളത്തിന്റെ മുന്നേറ്റത്തിനും ഈ പദ്ധതി കരുത്തുപകരുമെന്നും മന്ത്രി പറഞ്ഞു. പരമ്പരാഗത കൃഷിരീതികൾക്ക് ഇന്നും പ്രസക്തിയുണ്ടെങ്കിലും ഹൈഡ്രോപോണിക്സ്, അക്വാപോണിക്സ്, പ്രിസിഷൻ ഫാമിങ്, യന്ത്രവൽക്കരണം തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ കാർഷിക മേഖലയ്ക്ക് പുതിയ സാധ്യതകൾ തുറന്നുനൽകുന്നുണ്ട്. സ്റ്റാർട്ടപ്പുകൾ, കാർഷിക സംരംഭങ്ങൾ, കാർഷിക എൻജിനീയറിങ്, വിപണന സംവിധാനങ്ങൾ, കയറ്റുമതി സാധ്യതകളുള്ള പഴവർഗ കൃഷി തുടങ്ങിയ മേഖലകളിലും കേരളത്തിൽ വലിയ അവസരങ്ങളുണ്ട്. കൃഷി ലാഭകരമല്ലെന്ന പഴയ ധാരണ മാറ്റി, ശാസ്ത്രീയവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ കാർഷിക സംരംഭങ്ങളിലേക്ക് യുവാക്കളെ ആകർഷിക്കേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Attachments