കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ കാലാവസ്ഥാ പ്രതിരോധ കൃഷിയിലേക്ക് മാറണം: കൃഷിമന്ത്രി ടി. സിദ്ദിഖ് കൊല്ലം ATMA കിസാൻ മേളയ്ക്ക് തുടക്കം; നൂതന കാർഷിക സാങ്കേതികവിദ്യകൾ കർഷകരിലെത്തിക്കും
Last updated on
Sep 09th, 2026 at 04:33 PM .
കൊല്ലം: കാലാവസ്ഥാ വ്യതിയാനവും കാലാവസ്ഥയിലെ അസ്ഥിരതയുമാണ് ഇന്ന് കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളികളെന്നും ഇതിനെ നേരിടാൻ കാലാവസ്ഥാ പ്രതിരോധ കാർഷിക രീതികൾ വ്യാപകമായി അവലംബിക്കേണ്ട സമയമാണെന്നും കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു. മൺസൂൺ കാലത്തെ പ്രതികൂല സാഹചര്യങ്ങളും മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ വരൾച്ചയും കേരളത്തിലെ കർഷകരെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കാലാവസ്ഥാ പ്രതിരോധ കൃഷിക്ക് കൂടുതൽ പ്രാധാന്യം നൽകി കേര പദ്ധതി പുനഃക്രമീകരിക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്നും മന്ത്രി പറഞ്ഞു. കൊല്ലം ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ സംഘടിപ്പിച്ച കൊല്ലം ATMA കിസാൻ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കർഷകരെ മണ്ണിൽ ഉറപ്പിച്ചുനിർത്തുകയെന്നത് സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും പ്രധാന ഉത്തരവാദിത്തമാണ്. കർഷകർ നേരിടുന്ന പ്രതിസന്ധികൾ ലഘൂകരിക്കുന്നതിനൊപ്പം ആധുനിക സാങ്കേതികവിദ്യകളും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കി കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികളുമായാണ് കൃഷിവകുപ്പ് മുന്നോട്ടുപോകുന്നതെന്ന് മന്ത്രി പറഞ്ഞു.