കാർഷിക മേഖല ആധുനികതയിലേക്കും സ്വയംപര്യാപ്തതയിലേക്കും കുതിച്ചുചാടുന്നു: കൃഷി മന്ത്രി പി. പ്രസാദ്
Last updated on
Oct 26th, 2025 at 11:17 AM .
ആലപ്പുഴ: കേരളത്തിലെ കാർഷികമേഖല ആധുനികതയിലേക്കും, സുസ്ഥിരതയിലേക്കും, സ്വയംപര്യാപ്തതയിലേക്കും കുതിച്ചുചാടുകയാണെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. ആലപ്പുഴ കളർകോട് യെസ്കേ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച “വിഷൻ 2031” സംസ്ഥാന സെമിനാർ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കാലാവസ്ഥാ വ്യതിയാനം, തൊഴിൽ ക്ഷാമം, വിപണിയിലെ അനിശ്ചിതത്വം തുടങ്ങിയ വെല്ലുവിളികളെ കൃഷി വകുപ്പിന്റെ ഇടപെടലിലൂടെ ഫലപ്രദമായി മറികടന്നാണ് സംസ്ഥാനത്തെ കാർഷികമേഖല കർഷകരുടെ ജീവിതോപാധി ഉറപ്പുവരുത്തുകയും ഉൽപാദനക്ഷമതയും വരുമാനവും വർദ്ധിപ്പിക്കുകയും ചെയ്യുന്നത് മന്ത്രി വ്യക്തമാക്കി. 2023–24-ൽ കാർഷികമേഖല 4.65 ശതമാനം വളർച്ച കൈവരിച്ചുവെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ പത്തു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വളർച്ചയാണിത്. ദേശീയ ശരാശരിയായ 2.1 ശതമാനത്തെ അപേക്ഷിച്ച് ഇരട്ടിയിലധികമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷൻ 2026നും വിഷൻ 2033നും കീഴിൽ കർഷകരുടെ വരുമാനം 50 ശതമാനം വർദ്ധിപ്പിക്കാനും മൂല്യവർദ്ധിത മേഖല ശക്തിപ്പെടുത്താനും സർക്കാർ പദ്ധതികൾ നടപ്പിലാക്കി. ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി 23,000-ത്തിലധികം കൃഷിക്കൂട്ടം ഗ്രൂപ്പുകൾ രൂപീകരിക്കപ്പെട്ടിട്ടുണ്ട്.