info@krishi.info1800-425-1661
Welcome Guest
Back

ഗ്രീന്‍ഹൗസുകളുടെ പ്രധാന ഭാഗങ്ങള്‍

Posted ByJosena Jose, Agricultural Officer DCB Kannur

  1. ഫ്രെയിം അഥവാ ചട്ടക്കൂട്
  2. ആവരണം .
  3. അറിസ്ഥിതി നിയന്ത്രണ സംവിധാവങ്ങള്‍ (താപനിലയും ആര്‍ദ്രതയും)
  4. ഫെര്ട്ടിഗേഷന്‍ സംവിധാനം .

ചട്ട കൂട് ജി.ഐ പൈപ്പു കൊണ്ടോ ചെലവു കുറഞ്ഞ (Low cost) മുള , കവുങ്ങ് , കാറ്റാടി എന്നിവയില്‍ ഏതെങ്കിലും ഒന്നുകൊണ്ടോ നിര്‍മ്മിക്കാവുന്നതാണ്.  ആവരണമായി ഷെഡ്‌ ഹൗസുകള്‍ക്ക് തണല്‍ വലയും മറ്റ് ഉപയോഗങ്ങള്‍ക്ക് 200 മൈക്രോണ്‍ യു.വി.സ്റ്റെബിലൈസ്ഡ്  പോളി എത്തിലിന്‍ ഷീറ്റുകളും ഉപയോഗി ക്കാവുന്നതാണ്.

സൂര്യപ്രകാശത്തില്‍ അള്‍ട്രാവയലറ്റ് രശ്മികളും  (200-400 നാനോമീറ്റര്‍ തരംഗ ദൈര്‍ ഘ്യമുള്ളത്). നമുക്ക് കാണാന്‍ കഴിയുന്ന രശ്മികളും ((Visible rays)(400-700 നാനോ മീറ്റര്‍ തരംഗ ദൈര്‍ഘ്യമുള്ളത്).  ഇന്‍ഫ്രാറെഡ്  രശ്മികളും (700  മുതല്‍ 800 നാനോ മീറ്റര്‍ തരംഗ ദൈര്‍ഘ്യമുള്ളത് ) ആണ് ഉള്ളത് . ചെടികള്‍ നമുക്ക് കാണാന്‍ കഴിയുന്ന രശ്മികള്‍ ഉപയോജിച്ചു  പ്രകാശസംശ്ലേഷണം  ചെയ്യുന്നു.  ഇന്‍ഫ്രാറെഡ്  രശ്മികള്‍ ഇലകളെയും മറ്റും ചൂടാക്കുകയാണ് ചെയ്യുന്നത് .  അള്‍ട്രാവയലറ്റ് രശ്മികള്‍ UV-A(315-400nm) UV-B(280-315nm) UV-C(200-280nm)  എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു.  ഇതില്‍  UV-B യും  UV-C യും ചെടികള്‍ക്ക് ദോഷകരമാണ് . UV-A ചെടികളുടെ ഫലങ്ങളുടെ നിറം ,സ്വാദ് ,മണം എന്നിവയെ സ്വാധീനിക്കുന്നതിനാല്‍ ചെടികള്‍ക്ക് ആവശ്യമാണ്‌.  അതിനാല്‍ പോളി എത്തലീന്‍ ഷീറ്റില്‍ ചില സ്റ്റെബിലൈസറുകള്‍ ചേര്‍ത്ത് (UV-B,UV-C- ലോങ്ങ്‌  ഇന്‍ഫ്രാറെഡ് രശ്മികള്‍ എന്നിവ കടത്തി വിടാത്ത  വിധത്തിലാകുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ 381 nm വരെയുള്ള UV-A രശ്മികളും തടയപ്പെടാറുണ്ട്.  അതിനാല്‍  യു.വി സ്റ്റെബിലൈസ്ഡ് പോളിഎത്തലീന്‍ ഷീറ്റ് ഉപയോഗിക്കുമ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്ന രശ്മികളും ഷോര്‍ട്ട് ഇന്‍ഫ്രാറെഡ്  രശ്മികളും ( short infrared rays )  UV-A രശ്മികളും ഹരിതഗൃഹത്തി നുള്ളിലേക്ക്  കടത്തി വിടുന്നു.  എന്നാല്‍ ഷോര്‍ട്ട്  ഇന്‍ഫ്രാറെഡ്  രശ്മികള്‍(short infrared rays) ഷീറ്റുകള്‍ , ചെടികളുടെ ഇലകള്‍ , മണ്ണ് എന്നിവയില്‍ തട്ടി പ്രതിഫലിക്കുമ്പോള്‍  ലോങ്ങ്‌ ഇന്ഫ്രാറെഡ്  രശ്മികളായി മാറുന്നു.  അതിനാല്‍ ഈ രശ്മികള്‍ക്കു  ഹരിത ഗൃഹത്തില്‍ നിന്ന്  തിരിച്ചു പോകാനും കഴിയുന്നു .   (ഷീറ്റ്  ലോങ്ങ്‌  ഇന്‍ഫ്രാറെഡ്  രശ്മികള്‍ കടത്തിവിടാത്തതിനാല്‍ ).  ഇന്‍ഫ്രാറെഡ്  രശ്മികള്‍ ഹരിത ഗൃഹാന്തരീക്ഷത്തിലെ താപനില ഉയര്‍ത്തുന്നതിനാല്‍ ഹരിതഗൃഹത്ത്തിലെ ചൂട് 3 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 1 5 ഡിഗ്രി സെല്‍ഷ്യസ് വരെ (മതിയായ  വെന്റിലേഷന്‍   സംവിധാനങ്ങളൊന്നും  ഇല്ലെങ്കില്‍) കൂടാന്‍ കാരണമാകുന്നു.  ഇത് അന്തരീക്ഷത്തില്‍ ഹരിത വാതകങ്ങള്‍ ( green house gases)മൂലമുണ്ടാകുന്ന ഗ്രീന്‍ഹൗസ് എഫക്ടിന് തുല്യമായ പ്രതിഭാസമായതിനാലാണ്  ഹരിതഗൃഹത്തിന് “ഗ്രീന്‍ഹൗസ്” എന്ന പേര് ലഭിച്ചത്.  പാശ്ചാത്യ നാടുകളില്‍ തണുത്ത കാലാവസ്ഥയായതിനാല്‍  ഹരിത ഗൃഹത്തിനുള്ളില്‍  ചൂട് കൂടുന്നത് വലിയ ഗുണം ചെയ്യും.  എന്നാല്‍ നമുക്ക് കേരളത്തില്‍ ചൂടു  കുറയ്ക്കുകയാണ് ചെയ്യേണ്ടത് .

          സാധാരണ,  തുറസ്സായ സ്ഥലത്ത്  കൃഷി ചെയ്യുമ്പോള്‍ (open field cultivation ) ഓരോ വിളകളുംകാലാവസ്ഥ അനുസരിച്ച് മാത്രമേ കൃഷി ചെയാനാകൂ .  എന്നാല്‍ ഹരിതഹൃഹത്തിനുള്ളിലെ ഈര്‍പ്പവും താപവിലയും നിയന്ത്രിക്കാന്‍  കഴിയുന്നതിനാല്‍ ഏതു വിലകളും ഏതു സമയത്തും ഏതു സ്ഥലത്തും ഹരിത ഗൃഹത്തിനുള്ളില്‍ കൃഷി ചെയ്യാന്‍ സാധിക്കും.  അതിനാല്‍ ചെടികളുടെ ഫലങ്ങള്‍ , അവയുടെ ആവശ്യകത അധികമുള്ളപ്പോഴും എന്നാല്‍ ലഭ്യത വളരെ പരിമിതമായിരിക്കുകയും  ചെയ്യുന്ന സമയത്ത് വിപണിയില്‍ ഉല്‍പ്പന്നങ്ങള്‍  എത്തിക്കുവാന്‍ തക്കരീതിയില്‍ കൃഷി ചെയ്യുന്ന സമയം ക്രമീകരിച്ച് എത്തിക്കുവാനും , കര്‍ഷകന് മുന്തിയ വിലനേടുവാനും കഴിയും.  ഇതിനായി വിളകള്‍ ഇറക്കുന്ന സമയം വേണ്ടവിധം ക്രമീകരിച്ചാല്‍ മാത്രം മതിയാകും.

ഹരിതഗൃഹത്ത്തിലെ ചെടികളുടെ ഉല്‍പ്പാദനക്ഷമത തുറസ്സായ സ്ഥലത്തെ  അപേക്ഷിച്ച് 3 മുതല്‍ 10 മടങ്ങ്‌ വരെ കൂടുതലാണ്.  ഇതിനു പുറമേ , ഹരിത ഗൃഹങ്ങളില്‍ വളരുന്ന ചെടികള്‍ , തുറസ്സായ സ്ഥലത്ത് വളരുന്നവയെ അപേക്ഷിച്ച് വളരെ ഗുണമേന്മ യുള്ള പൂക്കളും ഫലങ്ങളും ഉല്‍പ്പാധിപ്പിക്കുകയും ചെയ്യുന്നു.

          ഹരിതഗൃഹങ്ങളില്‍ , ചെടികളില്‍ നിന്നും മണ്ണില്‍ നിന്നും വെള്ളം നഷ്ടമാകുന്നത് (traspiration and evaporation )താരതമ്യേന വളരെ കുറവാണ്.  അതിനാല്‍ 30 മുതല്‍   70 % വരെ വെള്ളം ഹരിത ഗൃഹ കൃഷിയില്‍ പാരമ്പര്യ കൃഷി രീതികളെ അപേക്ഷിച്ച് ലാഭിക്കാനാകും.

          പരമ്പരാഗത കൃഷി രീതിയില്‍ മൊത്തം വളം രണ്ടോ മൂന്നോ തവണകളായി നല്കുന്നതിനാലും ജലത്തില്‍ പൂര്‍ണ്ണമായും അലിയുന്നവയല്ലാത്തതിനാലും  ഭൂരിഭാഗം വളവും അന്തരീക്ഷത്തിലോക്കോ ചെടികളുടെ വേരുമണ്ഡലത്തിനു പുറത്തെക്കൊ  പോകുന്നതിനാല്‍ വിളകള്‍ക്ക്  ലഭിക്കാതെ നഷ്ടപ്പെട്ടുപോകുന്നു .  അതിനാല്‍ നല്‍കുന്ന വളത്തിന്റെ 30 മുതല്‍ 40 % മാത്രമാണ് ചെടികള്‍ ഉപയുക്തമാക്കുന്നത് .    ഇതിനു പുറമേ, പാരമ്പര്യ കൃഷി രീതികളില്‍ വെള്ളവും വളവും  നല്‍കുമ്പോള്‍ കാലാവസ്ഥയിലോ മണ്ണിലെ മൂലകങ്ങളിലോ ഉള്ള വ്യത്യാസവും മണ്ണിന്റെ രാസഭൗതിക സ്വഭാവവും കണക്കിലെടുക്കാറില്ല .  എന്നാല്‍ ഉയര്‍ന്ന ഉല്‍പ്പാദന ക്ഷമത ഉറപ്പുവരുത്തുന്നതിന് ഓരോ സ്ഥലത്തെയും മണ്ണിലുള്ള പ്രധാനപ്പെട്ട മൂലകങ്ങളുടെയും  ദ്വിതീയ മൂലകങ്ങളുടെയും സൂക്ഷ്മമൂലകങ്ങളുടെയും ചെടികള്‍ക്ക് ലഭ്യമായ തരത്തിന്റെ അളവുകള്‍ തിട്ടപ്പെടുത്തി , ചെടിയുടെ ആവശ്യാനുസരണം  മൂലകങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട് .  സൂക്ഷ്മ കൃഷിയില്‍  ഓരോ കൃഷിയിടതെയും മണ്ണിലെ മൂലകങ്ങളുടെ അളവ്  മൂലകങ്ങളും വെള്ളവും അതിന്റെ വേരുമണ്ഡലത്തില്‍ തന്നെ നല്‍കുകയാണ്  ചെയ്യുന്നത് .  മൂലകങ്ങള്‍ കണിക ജലസേചനത്തോടൊപ്പം ചെടികള്‍ക്ക് ലഭ്യമായ രൂപത്തില്‍ കൃത്യമായ  അളവില്‍ പല തവണകളായി നല്‍കുന്നതിനാല്‍ ചെടികളുടെ വളര്‍ച്ചയും    ഉല്‍പ്പാദനക്ഷമതയും ഗണ്യമായി വര്‍ദ്ധിപ്പിക്കാനും മൂലകങ്ങള്‍  അടങ്ങിയ വളം വേരുമണ്ഡലത്തിന് താഴെ ഊര്‍ന്നിറങ്ങി ഭൂഗര്‍ഭജലം മലിനീകരിക്കപ്പെടുന്നത്‌ ഇല്ലാതാക്കാനും  കഴിയുന്നു.  അതിനാല്‍ വെള്ളം 30 മുതല്‍ 70 ശതമ്മാനവും വളം 30 മുതല്‍ 50 ശതമാനവും ലാഭിക്കാന്‍ കഴിയും .  പാരമ്പര്യ ജലസേചനരീതികള്‍ക്ക് 30 മുതല്‍ 40 ശതമാനം മാത്രം കാര്യക്ഷമതയുള്ളപ്പോള്‍ സൂക്ഷ്മജലസേചന രീതി, 75 മുതല്‍ 95 % വരെ കാര്യക്ഷമമായി ജലം ചെടികള്‍ക്ക് ലഭ്യമാക്കുന്നു.

          ഹരിതഗൃഹങ്ങളില്‍ , രോഗകീടബാധകള്‍ വളരെ കുറവായിരിക്കും.  മുഴുവനായി അടച്ചുകെട്ടിയതും പൂര്‍ണ്ണമായി നിയന്ത്രിത അന്തരീക്ഷവുമുള്ള ഹരിതഗൃഹങ്ങളില്‍ സാധാരണയായി  രോഗകീടബാധ ദുര്‍ല്ലഭമായെ ഉണ്ടാകാറുള്ളൂ .  ഈ സംവിധാനത്തില്‍ സാധാരണ ജൈവ കീടനാശിനികള്‍ ഉപയോഗിച്ചാണ് കീടനിയന്ത്രണം നടത്തുന്നത് .  വിഷാംശമില്ലാത്ത ജൈവ ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോള വിപണിയില്‍ ആവശ്യകത വര്‍ധിച്ചുവരുന്നതിനാല്‍ കര്‍ഷകര്‍ക്ക് ജൈവ കൃഷിയില്‍ താല്‍പ്പര്യം കൂടി വരുന്നുണ്ട് .  രോഗാണുക്കളുടെയും  കീടങ്ങളുടെയും ആക്രമണമാണ് ജൈവ കര്‍ഷകരെ അലട്ടുന്നത് .  സംരക്ഷിത കൃഷി രീതി അവലംബിക്കുന്നത് വഴി ഒരു പരിധി  വരെ ഈ പ്രശ്നം  പരിഹരിക്കുന്നു.

          തുറസ്സായ സ്ഥലത്തെ അപേക്ഷിച്ച് , ഹരിത ഗൃഹങ്ങളില്‍ വിത്തുകള്‍ മുളയ്ക്കുന്നതും ഗ്രാഫ്റ്റ് ചെയ്ത കമ്പുകള്‍ പിടിച്ചു കിട്ടുന്നതും കൂടുതലായി വിജയിച്ചു വരുന്നു  (97 -99% )

          ടിഷ്യുകള്‍ച്ചര്‍ ചെയ്ത തൈകള്‍ , തുറസ്സായ കൃഷിയിടത്തില്‍ നേരിട്ട് വെയ്ക്കുന്നതിന് മുമ്പ് കുറച്ചു ദിവസം ഹരിതഗൃഹങ്ങളില്‍ വച്ചാല്‍ കൂടുതല്‍  തൈകള്‍ കേടു കൂടാതെ സംരക്ഷിച്ചെടുക്കാനാകും.  ഹരിത ഗുഹങ്ങളില്‍ ടിഷ്യുകള്‍ച്ചര്‍ തൈകള്‍ വയ്ക്കുമ്പോള്‍ രാത്രിയും പകലും അവയ്ക്കനുയോജ്യമായ പ്രകാശവും ഈര്‍പ്പവും താപനിലയും ക്രമീകരിക്കാന്‍  പ്രത്യേകം ശ്രദ്ധിക്കണം .  ടിഷ്യുക്കള്‍ച്ചര്‍  ചെയ്ത ചെടികള്‍  ചെറിയ പ്ലാസ്റ്റിക്ക് കവറുകളിലാക്കിയാണ് ഹരിത ഗൃഹങ്ങളില്‍ വെയ്ക്കേണ്ടത് .  രോഗ കീടബാധ കുറയ്ക്കുന്നതിനായി ഹരിതഗൃഹത്തിന്റെ  നിലം കോണ്‍ക്രീറ്റ്  ചെയ്ത് ചെടികള്‍ നട്ട പ്ലാസ്റ്റിക് കവറുകളില്‍ നിരത്തുന്നതാണ് നല്ലത് . ഹരിത ഗൃഹങ്ങളില്‍ 30 മുതല്‍ 45 ദിവസം വരെ ചെടികള്‍ വെച്ച ശേഷം  തുറസ്സായ സ്ഥലത്ത് നടുകയാണെങ്കില്‍  98 മുതല്‍ 100  ശതമാനം വരെ ചെടികള്‍ പിടിച്ചുകിട്ടുന്നതായി കണ്ടിട്ടുണ്ട് .

ഹരിത ഗൃഹങ്ങളില്‍ മണ്ണ് ഉപയോഗിക്കാതെ കൃഷി ചെയ്യുന്ന നൂതന  കൃഷി രീതികള്‍ ഇന്നു പ്രചാരത്തിലുണ്ട് .  രാസലായനി , ചകിരിച്ചോര്‍ , അന്നിര കമ്പോസ്റ്റ് , നെല്ലിന്റെ ഉമി ,വേര്മിക്കുലേറ്റ്, പെര്‍ലൈറ്റ് എന്നീ മാദ്ധ്യമങ്ങളില്‍ ചെടികള്‍ നട്ട്  ഹരിത ഗൃഹങ്ങളില്‍ വളര്‍ത്തുന്ന രീതിക്ക് പ്രചാരം സിദ്ധിച്ചു വരുന്നു.

          സ്വാഭാവിക വെന്റിലേഷന്‍  സംവിധാനമുള്ളതും ജിഐ പൈപ്പും യു.വി സ്റ്റെബിലൈസ്ഡ് പോളി എത്തിലീന്‍ ഷീറ്റും ഉപയോഗിച്ച് ഹരിത ഗൃഹം സ്ഥാപിക്കുന്നതിന് ഒരു ചതുരശ്രമീറ്ററിന് 935  രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന നിരക്ക് .

          ഹരിത ഗൃഹങ്ങളുടെ  മേല്‍ക്കൂരയും വശങ്ങളും യു.വി സ്റ്റെബിലൈസ്ഡ്  പോളി എത്തിലീന്‍ ഷീറ്റുകള്‍ /ഗ്ലാസ്സുകള്‍ /പോളി കാര്‍ബണേറ്റ് /എക്രിലിക്ക്  ഷീറ്റുകള്‍ എന്നിവ യിലേതെങ്കിലും കൊണ്ട് ആവരണം ചെയ്യും .  എങ്കിലും വിലയും പരിപാലനത്തിനും അറ്റകുറ്റപ്പണികള്‍ക്കുള്ള ചെലവും ഉള്‍പ്പെടെ പരിഗണിക്കുമ്പോള്‍ നിലവില്‍ ഏറ്റവും അനുയോജ്യമായ ആവരണം യു.വി സ്റ്റെബിലൈസ്ഡ് പോളി എത്തിലീന്‍       ഷീറ്റുകളാണ്.  ഇവയ്ക്കുള്ളിലെ  താപനില , ഈര്‍പ്പം , പ്രകാശത്തിന്റെ ദൈര്‍ഘ്യവും തീവ്രതയും , കാര്‍ബണ്‍ഡയോക്സൈഡിന്റെ  അളവ് എന്നിവ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ  അവയ്ക്കുള്ളില്‍ വളര്‍ത്തുന്ന ചെടികള്‍ക്ക് അനുയോജ്യമായ  അളവില്‍ ക്രമീകരിക്കാം.  ഈ ഘടകങ്ങള്‍ പൂര്‍ണ്ണമായോ ഭാഗികമായോ ക്രമീകരിക്കാന്‍ കഴിഞ്ഞാല്‍  സ്ഥലകാല ഭേദമന്യേ  ഏതു വിളകളും  ഇവയ്ക്കുള്ളില്‍ കൃഷി ചെയ്യാം .  പല ആകൃതിയിലുള്ള ഹരിത ഗൃഹ ചട്ടക്കൂടുകള്‍  (green house structures)  ഇന്നു പ്രചാരത്തിലുണ്ട്.  ഓരോ സ്ഥലത്തെ കാലാവസ്ഥയ്ക്കനുസൃതമായി, അതിനുള്ളില്‍ വളര്ത്താനുദ്ദേശിക്കുന്ന  ചെടികള്‍ക്കനുയോജ്യമായ  കാലാവസ്ഥ സംജാതമാക്കാന്‍ കഴിയുന്ന ആകൃതിയിലുള്ള ഹരിത ഗൃഹമാണ് തെരഞ്ഞെടുക്കേണ്ടത്

Wednesday,January 27, 2016 0 comments

Please login to comment !!